Skip to main content

എന്റെ ദൈവം


ഈ ബ്ലോഗ് എന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ (2003 മെയ്‌ 27) എഴുതിയതാണെങ്കിലും പിന്നീട് പല തവണ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്; അഥവാ, നടത്തിക്കൊണ്ടേയിരിക്കുന്നു. ദൈവ സങ്കല്പത്തിൽ എന്തുകൊണ്ട് ഒരു നിലപാടിൽ ഉറച്ചുനിന്നുകൂടായെന്നു ചോദിക്കുന്നവരുണ്ട്. എനിക്കതിനു സാധിക്കുന്നില്ലായെന്നാണ് അവരോട് പറയുവാനുള്ള മറുപടി. ഒരു കാലഘട്ടത്തിൽ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കാരണത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയല്ല; മറിച്ച്, ഈശ്വരാന്വേഷിയാണ്. വിശ്വാസിക്ക് ഒരേ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയും. അവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാം. എന്നാൽ അന്വേഷിക്ക് കലാകാലങ്ങളിലുള്ള അവന്റെ കണ്ടെത്തലുകൾക്കനുസ്സരിച്ച് നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടേയിരുന്നാലേ അന്വേഷണം മുൻപോട്ടു പോകുകയുള്ളൂ.

സത്യത്തിൽ എന്റെ നിലപാടിൽ കാതലായ ഒരു മാറ്റവും ഉണ്ടായിട്ടില്ലായെന്നതാണ് വസ്തുത. ബാല്യത്തിൽ ലഭിച്ച ഉൾവിളികൾ ശരിയായിരുന്നു; ഇതുതന്നെയാണ് ശരിയായ വഴി എന്ന ബോധ്യം ഊട്ടിയുറപ്പിക്കാൻ മാത്രമേ എഴുത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുള്ളൂ. സണ്ടേസ്കൂളിൽ പഠിക്കുന്ന കാലത്തും എന്റെ മനസ്സിൽ ഉണ്ടായിരുന്ന ദൈവ സങ്കല്പം ആ സിലബസ് പ്രതിപാദിച്ചിരുന്ന രീതിയിലായിരുന്നില്ല. ഒരു പക്ഷെ, ആ സമയത്തു തന്നെ തുടങ്ങിയിരുന്ന ഹിന്ദി പ്രചാരസഭയിലെ സാമാന്തര പഠനവും സ്കൂളിലെ പഠനവും ശ്രീ ചിത്തിര തിരുനാൾ വായനശാലയിൽ നിന്നും അപ്പച്ചൻ കൊണ്ടുതന്നിരുന്ന പുസ്തകങ്ങളിൽ നിന്നും ലഭിച്ച അറിവും പതിനഞ്ചു വർഷത്തെ എയർഫോഴ്‌സ്‌ ജീവിതവും ഒക്കെ ദൈവത്തെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം രൂപപ്പെടുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണണ്ട്. ഈ പ്രപഞ്ചത്തെ താങ്ങുന്ന ഒരു വലിയ ശക്തി നിലവിലുണ്ട്; അതാണ് ദൈവം എന്നുള്ളതായിരുന്നു അടിസ്ഥാനപരമായി എന്റെ സങ്കല്പത്തിന്റെ ആധാരം. ദൈവത്തെക്കുറിച്ച് എല്ലാ മതഗ്രൻഥങ്ങളും പൊടിപ്പും തൊങ്ങലും വെച്ച കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും ഒരു ദേവാലയങ്ങളിലും നമ്മളെ കാത്ത് ദൈവം ഇരുപ്പില്ലായെന്നുമായിരുന്നു എന്റെ അന്നത്തെയും വിശ്വാസം. എന്നാൽ, എന്റെ അമ്മച്ചിയുടെ പ്രേരണയാലും അവർക്ക് ഒരു രീതിയിലുമുള്ള മനപ്രയാസവും ദുഃഖവും ഉണ്ടാവരുതെന്നുള്ള എന്റെ തീവ്രമായ ആഗ്രഹത്താലും അമ്മച്ചിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി മാത്രം പള്ളിയിൽ പോകുന്നതും മതപഠന ക്‌ളാസുകളിൽ പങ്കെടുക്കുന്നതും തുടർന്നുവന്നിരുന്നു.

കൗമാരപ്രായത്തിൽ തന്നെ ദൈവം എന്താല്ലായെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
നമ്മുടെ ആവശ്യങ്ങൾ സാധിച്ചു തരുന്ന ഒരു യന്ത്രമല്ല ദൈവമെന്നതായിരുന്നു എന്റെ ബോധ്യങ്ങളുടെ അടിസ്ഥാന ശില.
നമ്മൾ നിരന്തരം പ്രകീർത്തിച്ചതുകൊണ്ടോ സ്തോത്രം ചെയ്യുന്നതുകൊണ്ടോ പ്രീതിപ്പെട്ട് നമ്മുടെ ആവശ്യങ്ങൾ സാധിച്ചു തരുന്ന ഒരു വ്യക്തിയായി ദൈവത്തെ കാണുന്നത് കുറഞ്ഞപക്ഷം ദൈവനിന്ദയും ദൈവനിഷേധവും ആണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. 
നമ്മുടെ അനുഭവങ്ങൾ നമ്മുടെ കർമ്മങ്ങളുടെ ഫലങ്ങളായിരിക്കുമെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു. “നന്മയ്ക്കു ഫലം നന്മ; തിന്മയ്ക്കു ഫലം തിന്മ” എന്ന തത്വം യുക്തിഭദ്രമാണെന്ന് വിശ്വസിക്കാനാണ് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്. തിന്മ ചെയ്താലും കുഴപ്പമില്ല യേശുവിനെ രക്ഷകനായി വിശ്വസിച്ചാൽ നന്മയുണ്ടാവും, നിത്യജീവനുണ്ടാവും എന്നൊക്കെയുള്ള പ്രമാണങ്ങൾ എനിക്കു ഒട്ടും ദഹിക്കുന്നതായിരുന്നില്ല. വിശ്വസിക്കുന്നവർ മരണാനന്തരം സ്വർഗ്ഗത്തിൽ പോകും; ബാക്കിയുള്ളവർ നരകത്തിൽ പോകും എന്നൊക്കെയുള്ള ഭീഷണികൾ എന്നെ ഒട്ടും ഭയപ്പെടുത്തിയിട്ടില്ലയെന്നതാണ് വാസ്തവം. സ്വർഗ്ഗം, നരകം എന്നതൊക്കെ മനുഷ്യരെ ചൂഷണം ചെയ്യാൻ ആസൂത്രിത മതങ്ങൾ രൂപപ്പെടുത്തിയെടുത്ത സിദ്ധാന്തങ്ങളാണെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടാണ് പല കാലഘട്ടങ്ങളിലും പല പെന്തകൊസ്ത് പാസ്റ്ററന്മാർ എന്നെ സമീപിച്ചപ്പോളൊക്കെ “എനിക്ക് നരകത്തിൽ പോകാനാണ് താൽപ്പര്യം” എന്നു പറഞ്ഞ് അവരെ കളിയാക്കി വിടാൻ എനിക്കു കഴിഞ്ഞത്.

ലോകാവസ്സാനത്തിലും ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിലുമൊക്കെ ഇവയുടെ വക്താക്കളായ പാസ്റ്റർമാർക്കും പുരോഹിതർക്കും പോലും വിശ്വാസമില്ലായെന്നു ഈ ലോകത്ത് സമ്പത്തും വസ്തുവകകളും ആർജിക്കുന്നതിനുവേണ്ടി അവർ കാണിക്കുന്ന പരാക്രമം തന്നെ തെളിവാകുകയാണ്.

മറ്റുള്ള ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള ആത്യന്തികമായ വ്യത്യാസം മനുഷ്യന് ബുദ്ധി വിവേചന ശക്തിയും തന്നിട്ടുള്ളതാണെന്നും ദൈവത്തിന്റെ സ്വരൂപത്തിലാണ് ദൈവം മനുഷ്യനെ ശ്രഷ്ടിച്ചിരിക്കുന്നതെന്നും പഠിപ്പിക്കുന്ന മതങ്ങൾ ദൈവം മനുഷ്യന് കനിഞ്ഞു നൽകിയിരിക്കുന്ന വിവേചന ബുദ്ധി ഒരു കാരണവശാലും ഉപയോഗിക്കരുത്; മറിച്ച് വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അന്ധമായി വിശ്വസിക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോൾ തങ്ങൾ പറയുന്നത് നുണയാണെന്ന് ഉറക്കെ വിളിച്ചുകൂവുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ ആഗ്രഹങ്ങൾ സഫലീകരിക്കുന്ന യെന്ത്രമല്ല എന്റെ ദൈവം. ദൈവത്തിന്റെ ഹിതം നിറവേറ്റപ്പെടട്ടേയെന്ന രീതിയിൽ എന്നെത്തന്നെ പൂർണ്ണമായി പ്രപഞ്ച നാഥനിൽ സമർപ്പിക്കുകയാണ് എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരഭക്തി. എങ്ങോട്ട് കൊണ്ടുപോയാലും, എങ്ങിനെയായാലും എനിക്ക് പരാതിയില്ല. സന്തോഷവും ദുഃഖവും നിരാശയുമൊക്കെ നമ്മുടെ മനസ്സിൽ മാത്രം രൂപപ്പെടുന്ന ചിന്തകളാണ്; ഇവയുടെ മേൽ പൂർണ്ണ നിയന്ത്രണം കൈവരിക്കാനുള്ള കഴിവ് മനുഷ്യന് ദൈവം നൽകിയിട്ടുണ്ടെന്നതും എനിക്ക് അനുഭവപ്പെട്ട സത്യങ്ങളാണ്. ഈ ദൈവീകാനുഭവങ്ങളിൽ ഉറച്ചു നിൽക്കുവാനും എപ്പോഴും ഏതു സാഹചര്യത്തിലും തൃപ്തനും സന്തോഷവാനും ആയിരിക്കുവാൻ എന്റെ ഗുരുജി ശ്രീ ശ്രീ രവിചന്ദ്രൻജിയുടെ ആർട്ട്‌ ഓഫ് ലിവിങ് എന്ന സംഘടനയിൽ നിന്നും എനിക്ക് ലഭിച്ച പരിശീലനം വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.

മനുഷ്യകുലത്തെയും സർവ്വജീവജാലങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുക, അവയുടെ നിലനിൽപ്പിനു സഹായമാകുക എന്നതാണ് എന്റെ ദൈവാരാധന. ആരേയും ഉപദ്രവിക്കാതിരിക്കുക, ആരുടേയും ജീവിതത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, കഷ്ടപ്പെടുന്നവരോട് സഹാനുഭൂതി കാട്ടുക, നീതിമാനായി ജീവിക്കുക എന്നതൊക്കെയാണ് നന്മയായി ഞാൻ കാണുന്നത്. ഇതൊന്നും ദൈവം ഒരു പുസ്തകത്തിലും എഴുതി നൽകിയതല്ല. തിരിച്ചറിവ് ഉണ്ടാകാൻ തുടങ്ങിയപ്പോൾ തന്നെ ഇതൊക്കെ മനസ്സാക്ഷിയുടെ ഏടുകളിൽ കുറിച്ചിടപ്പെട്ടിരുന്നു.

പൂജ്യത്തിൽ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ധാരാളം നന്മകൾ നൽകിയിരിക്കുന്നത് ഞാൻ തിരിച്ചറിയുന്നു. കൂടുതൽ ആവശ്യങ്ങളുടെ പട്ടിക സമർപ്പിക്കാതെ ലഭിച്ച നന്മകൾക്കു വേണ്ടി നന്ദിയുള്ളവനായിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും ഞാൻ മനസിലാക്കുന്നു. പ്രാർത്ഥിക്കുമ്പോൾ ഒരു രീതിയിലും ശബ്ദമോ ബഹളമോ ഉണ്ടാക്കേണ്ടതില്ല; നിശബ്ദതയാണ് ദൈവത്തോട് സംവദിക്കാനുതകുന്ന ഉത്തമ ഭാഷ എന്നതും ദൈവാനുഭവത്തിൽ കൂടി മനസ്സിലാക്കിയ രഹസ്യമാണ്.

Comments