ഈ ബ്ലോഗ് എന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ (2003 മെയ് 27) എഴുതിയതാണെങ്കിലും പിന്നീട് പല തവണ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്; അഥവാ, നടത്തിക്കൊണ്ടേയിരിക്കുന്നു. ദൈവ സങ്കല്പത്തിൽ എന്തുകൊണ്ട് ഒരു നിലപാടിൽ ഉറച്ചുനിന്നുകൂടായെന്നു ചോദിക്കുന്നവരുണ്ട്. എനിക്കതിനു സാധിക്കുന്നില്ലായെന്നാണ് അവരോട് പറയുവാനുള്ള മറുപടി. ഒരു കാലഘട്ടത്തിൽ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കാരണത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയല്ല; മറിച്ച്, ഈശ്വരാന്വേഷിയാണ്. വിശ്വാസിക്ക് ഒരേ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയും. അവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാം. എന്നാൽ അന്വേഷിക്ക് കലാകാലങ്ങളിലുള്ള അവന്റെ കണ്ടെത്തലുകൾക്കനുസ്സരിച്ച് നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടേയിരുന്നാലേ അന്വേഷണം മുൻപോട്ടു പോകുകയുള്ളൂ. സത്യത്തിൽ എന്റെ നിലപാടിൽ കാതലായ ഒരു മാറ്റവും ഉണ്ടായിട്ടില്ലായെന്നതാണ് വസ്തുത. ബാല്യത്തിൽ ലഭിച്ച ഉൾവിളികൾ ശരിയായിരുന്നു; ഇതുതന്നെയാണ് ശരിയായ വഴി എന്ന ബോധ്യം ഊട്ടിയുറപ്പിക്കാൻ മാത്രമേ എഴുത്തിൽ മാറ്റങ്...